Story Of Ravi Pillai

കൊല്ലം ജില്ലയിലെ ചവറയിൽ ഇടത്തരം കർഷക കുടുംബത്തിൽ പിറന്ന രവിക്ക് ബാല്യം സമൃദ്ധിയുടേതായിരുന്നില്ല. പത്താം ക്ലാസിൽത്തന്നെ ഒരു കാര്യം മനസ്സിലുറപ്പിച്ചു, "ജോലിക്ക് പോകാൻ ഞാൻ ഇല്ല. സ്വന്തമായി ബിസിനസ് നടത്തി ജീവിക്കണം". പ്രീ-ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുതന്നെ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.വായ്പയ്ക്ക് ഈടായി കർഷകർ ബാങ്കുകൾക്ക് വളം നൽകുന്ന ഒരു കാലമുണ്ടായിരുന്നു. ആ വളം ലേലത്തിൽ പിടിച്ച്, കച്ചവടം നടത്തിയാണ് ആ ചെറുപ്പക്കാരൻ ബിസിനസിന്റെ ആദ്യക്ഷരം കുറിച്ചത്.ശാസ്താംകോട്ട ദേവസ്വം കോളേജിൽ ബി.കോമിന് ചേർന്നു. അവിടെയും ബിസിനസിന്റെ വഴി ഉപേക്ഷിക്കാൻ രവി തയ്യാറായില്ല. ചിട്ടി നടത്തിക്കൊണ്ടായിരുന്നു അവിടെ ബിസിനസ് തുടർന്നത്. അതിനാൽ, പോക്കറ്റ് മണിക്കായി ആരോടും കൈനീട്ടേണ്ടി വന്നില്ല. കോളേജ് വിദ്യാഭ്യാസച്ചെലവ് സ്വന്തംനിലയിൽ നിർവഹിക്കാനും ആ ചെറുപ്പക്കാരന് കഴിഞ്ഞു.

രവി പിള്ള കൊല്ലം ജില്ലയിലെ ചവറയിൽ കർഷകനായ ബാലകൃഷ്ണ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953-ൽ ജനനം. കൺസ്ട്രക്ഷൻ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റൽ, റീട്ടെയിൽ, ഐ.ടി. തുടങ്ങി വ്യത്യസ്ത മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനും.ഫോബ്സ് സമ്പന്ന പട്ടികയനുസരിച്ച് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ നാല്പത്തി മൂന്നാം സ്ഥാനം. ഏതാണ്ട് 25,000 കോടി രൂപ (370 കോടി ഡോളർ) ആണ് അദ്ദേഹത്തിന്റെ ആസ്തി.ഇന്ത്യയിലും വിദേശങ്ങളിലുമായി ഒട്ടേറെ പുരസ്കാരങ്ങൾ രവി പിള്ളയെ തേടിയെത്തിയിട്ടുണ്ട്. 2008-ൽ പ്രവാസി ഭാരതീയ സമ്മാനും 2010-ൽ പത്മശ്രീയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.ഗീതയാണ് ഭാര്യ. ബഹ്റൈനിൽ ന്യൂ മില്ലേനിയം സ്കൂൾ നടത്തുകയാണ് അവർ. മക്കൾ: ഗണേഷ്, ഡോ. ആരതി. മരുമകൻ: ഡോ. ആദിത്യ.കൺസ്ട്രക്ഷൻ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഐ.ടി., ഹെൽത്ത് കെയർ മേഖലകളിലായി വിവിധ രാജ്യങ്ങളിൽ മലയാളിയുടെ െെകയൊപ്പ് പതിപ്പിച്ച 'രവി പിള്ള' എന്ന സംരംഭകന്റെ പ്രയാണം അവിടെ തുടങ്ങുന്നു.ബിസിനസ് എന്ന സ്വപ്നം മനസ്സിൽ താലോലിച്ച്, എം.ബി.എ. കരസ്ഥമാക്കാനായി ഇതിനിടെ അദ്ദേഹം കൊച്ചിയിലേക്ക് വണ്ടികയറി. കൊച്ചിയിലെ പഠനകാലത്ത് ഫാക്ടിലെയും കൊച്ചിൻ റിഫൈനറിയിലെയും ഏതാനും എൻജിനീയർമാരെ പരിചയപ്പെടാൻ ഇടയായി. ഒഴിവുവേളകളിൽ അവരുമായുള്ള സംഭാഷണങ്ങൾക്കിടയിലാണ് കൺസ്ട്രക്ഷൻ ബിസിനസിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നത്.
 ഒരുകൈ നോക്കാൻതന്നെ രവി ഉറപ്പിച്ചു. കൺസ്ട്രക്ഷൻ കരാറുകൾ ഏറ്റെടുത്ത് നിർവഹിക്കാൻ തുടങ്ങുന്നത് അങ്ങനെയാണ്.പരിചയക്കാരായ എൻജിനീയർമാരിൽ ഒരാളെ ജോലി രാജിവെപ്പിച്ച് തന്നോടൊപ്പം കൂട്ടി. കൂടുതൽ കരാറുകൾ രവിയെ തേടിയെത്താൻ തുടങ്ങി. 77-ൽ വെള്ളൂർ ന്യൂസ്പ്രിന്റിലെ നിർമാണ കരാർ ലഭിച്ചു.

ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ നിർമാണ ജോലികൾ തുടങ്ങി. പ്രദേശവാസികളിൽ ചിലർ തൊഴിലാളികളെ കൂട്ടി സമരവുമായി എത്തി. നിർമാണ പ്രവർത്തനം നിലച്ചു. കരാറുകൾ നിശ്ചിത സമയത്ത് തീർത്തുകൊടുക്കണമെന്ന് കണിശ്ശത ഉള്ള രവിക്ക് ഓരോദിവസം ചെല്ലുന്തോറും ആധിയായി. പ്രശ്നങ്ങൾ എങ്ങനെയൊക്കെയോ പരിഹരിച്ചു.പക്ഷേ, ആ സമരം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റി. നിർമാണ പ്രവർത്തനം എത്രയുംവേഗം പൂർത്തിയാക്കി, ഗൾഫിലേക്ക് പറക്കണമെന്നായിരുന്നു പിന്നീട് മനസ്സ് പറഞ്ഞത്. 78-ൽ 25-ാം വയസ്സിൽ അങ്ങനെ രവി പിള്ള സൗദി അറേബ്യയിലേക്ക് വിമാനം കയറി. യാത്രാച്ചെലവുകളൊക്കെ കഴിഞ്ഞ് കൈയ്യിൽ  മിച്ചമുള്ളത് തുച്ഛമായ തുക മാത്രം. പക്ഷേ, അവിടെ വിജയിക്കാനാകുമെന്ന് ആ ചെറുപ്പക്കാരന് ഉറപ്പായിരുന്നു.സൗദിയിലാണ് ബിസിനസ് സാധ്യതകൾ കൂടുതലുള്ളതെന്ന് മനസ്സിലാക്കിയാണ് അവിടം തിരഞ്ഞെടുത്തത്. സൗദിയിലെ അൽഖോബാറിൽ എത്തിയ അദ്ദേഹത്തിന് അവിടെ പരിചയക്കാരായ ഒരാൾപോലും ഉണ്ടായിരുന്നില്ല. ഏതുവിധേനയും കൺസ്ട്രക്ഷൻ ബിസിനസ് ആരംഭിക്കണം. പക്ഷേ, സൗദിയിൽ ബിസിനസ് നടത്തണമെങ്കിൽ അവിടത്തെ പ്രദേശവാസി പങ്കാളിയായി വേണം. പങ്കാളിയെ തേടി അദ്ദേഹം പല വാതിലുകൾ മുട്ടി. അതുവരെ കഴിഞ്ഞുകൂടാൻ ചെറിയ ജോലികൾ ചെയ്തു. ആദ്യം ഒരു പങ്കാളിയെ കിട്ടിയെങ്കിലും അതു ശരിയായില്ല.ഒടുവിൽ, നാസർ അൽ ഹജ്രി എന്ന പാർട്ട്ണറെ കണ്ടെത്തി. അങ്ങനെ, 150 പേരുമായി കൺസ്ട്രക്്ഷൻ കമ്പനിക്ക് തുടക്കമിട്ടു. യുദ്ധവിമാനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രം (ഹാങ്ങർ) നിർമിക്കാനുള്ള കരാർ ആയിരുന്നു ആദ്യം ലഭിച്ചത്. തുടക്കംമുതൽ തന്നെ നിലവാരം ഉറപ്പാക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒന്നിനു പിറകെ ഒന്നൊന്നായി കരാറുകൾ ലഭിച്ചു. അതോടെ രണ്ടു വർഷംകൊണ്ട് തൊഴിലാളികളുടെ എണ്ണം അയ്യായിരത്തിലേക്ക് ഉയർന്നു.ഇതിനിടെ, പെട്രോളിയം റിഫൈനറികളുടെ നിർമാണ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സൗദി, ഖത്തർ, കുവൈത്ത്, യു.എ.ഇ. എന്നിവിടങ്ങളിലായി ഒട്ടേറെ റിഫൈനറികളുടെയും പെട്രോ കെമിക്കൽ കോംപ്ലക്സുകളുടെയും വാതക പ്ലാന്റുകളുടെയും നിർമാണം നിർവഹിച്ചു.എക്സോൺ മൊബീൽ, സൗദി അരാംകോ, ബ്രിട്ടീഷ് പെട്രോളിയം, ഷെൽ, ഖത്തർ ഗ്യാസ്, കുവൈത്ത് പെട്രോളിയം, അബുദാബി ഓയിൽ, സാബിക്, സദാറ, സാട്രോപ് എന്നിങ്ങനെ ലോകത്തിലെ വൻകിട പെട്രോളിയം കമ്പനികൾ പലതും ആർ.പി. ഗ്രൂപ്പ് കമ്പനികളുടെ ഗുണഭോക്താക്കളായി. എണ്ണ-വാതക പദ്ധതികളുടെ കരാർ നിർമാണ രംഗത്ത് ലോകത്തിലെ മുൻനിരക്കാരായി രവി പിള്ളയുടെ കമ്പനികൾ മാറി. ഗൾഫിൽ ഈ രംഗത്ത് ഏറ്റവും വലിയ കരാറുകാരാണ് ഇന്ന് ആർ.പി. ഗ്രൂപ്പ്.90കളുടെ തുടക്കത്തിൽ ഉണ്ടായ ഗൾഫ് യുദ്ധകാലത്ത് പെട്രോളിയം മേഖലയിലുണ്ടായ പ്രതിസന്ധി രവി പിള്ളയുടെ സംരംഭങ്ങളേയും ബാധിച്ചു. ജീവനക്കാരെ മുഴുവൻ സുരക്ഷിതമായി നാട്ടിലേക്ക് എത്തിച്ച ശേഷം മാത്രമാണ് അന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. എന്നാൽ, തിരിച്ചെത്തി വളർച്ചയുടെ പ്രയാണം തുടർന്നു.സുരക്ഷ, ഗുണനിലവാരം, സമയനിഷ്ഠത എന്നിവയാണ് ആർ.പി. ഗ്രൂപ്പ് കമ്പനികളുടെ മേന്മ ഉയർത്തുന്നത്. നാസർ അൽ ഹാജ്രി കോർപ്പറേഷൻ, ഗൾഫ് ഏഷ്യ എന്നീ കമ്പനികൾക്കു കീഴിലാണ് കൺസ്ട്രക്ഷൻ രംഗത്തെ പ്രവർത്തനങ്ങൾ.

നിർമാണ രംഗത്ത് ഒതുങ്ങിനിൽക്കാൻ രവി പിള്ള ഒരുക്കമായിരുന്നില്ല.കൊല്ലത്തെ ഉപാസന ഹോസ്പിറ്റലുമായി ആരോഗ്യപരിപാലന രംഗത്തേക്ക് ചുവടുവച്ച അദ്ദേഹം, കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്ത് 'റാവിസ്' എന്ന പേരിൽ റിസോർട്ട് ആരംഭിച്ചുകൊണ്ട് ആതിഥ്യസേവന രംഗത്തേക്കും പ്രവേശിച്ചു. ഇതിനിടെ, ലീലാ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ നിന്ന് 'കോവളം ലീല പാലസി'നെ ഏറ്റെടുത്തു. പിന്നീട് കോഴിക്കോട്ടേക്കും റാവിസിന്റെ സാന്നിധ്യം വ്യാപിപ്പിച്ചു.
ട്രേഡിങ്, ട്രാവൽ ആൻഡ് ടൂർ, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും ആർ.പി. ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 'ആർ.പി. ടെക് 'എന്ന പേരിൽ ഐ.ടി. കമ്പനിയും നടത്തുന്നു. ഇന്ന് ഏതാണ്ട് 27,000 കോടി രൂപ (400 കോടി ഡോളർ) വാർഷിക വിറ്റുവരവുള്ള വ്യവസായ സാമ്രാജ്യമായി ആർ.പി. ഗ്രൂപ്പ് വളർന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നു. ഇതിൽ ഏതാണ്ട് 70 ശതമാനവും ഇന്ത്യക്കാരാണ്. ശേഷിച്ചവരിൽ അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ളവർ പെടുന്നു.

"ഏതു ബിസിനസ് ആരു ചെയ്താലും റിസ്ക് ഉണ്ട്. കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി ആത്മാർത്ഥമായി ഇറങ്ങിയാൽ ഒന്നും അസാധ്യമല്ല" -കൊല്ലം നഗരമധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന 'രവിഗീതം' എന്ന സൗധത്തിലിരുന്ന് രവി പിള്ള പറയുന്നു. ആത്മാർത്ഥതയും കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നതുമാണ് തന്റെ വിജയത്തിന്റെ രഹസ്യം. ഒപ്പം, വിശ്വസ്തരായ ജീവനക്കാരും.നാലു പതിറ്റാണ്ടിലേക്ക് അടുക്കുന്ന സംരംഭക ജീവിതത്തിൽ രവി പിള്ളയ്ക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞുവെന്നതാണ്. ഒരാൾക്ക് ജോലി നൽകുന്നതിലൂടെ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബത്തിന് ആശ്രയമൊരുക്കാൻ കഴിയും. ഒരു ലക്ഷം പേർക്ക് തൊഴിലൊരുക്കുന്നതുവഴി നാലോ അഞ്ചോ ലക്ഷം പേർക്ക് ആശ്രയമാകുകയാണ്."എന്റെ ചെറുപ്പകാലത്ത് ബിസിനസിലേക്ക് ഇറങ്ങുന്നവർ കുറവായിരുന്നു. ബിസിനസിൽ എന്റെ ഗുരു ഞാൻതന്നെ ആയിരുന്നു. എന്നാൽ, ഇപ്പോൾ സംരംഭകത്വവഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. പല പല ആശയങ്ങളെക്കുറിച്ചു ചിന്തിച്ച് നല്ലതു തിരഞ്ഞെടുക്കണം. അതിന്റെ ഗുണദോഷങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമാവണം അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ടത്. ബിസിനസ് കെട്ടിപ്പടുക്കാൻ കൂടുതൽ സമയം ചെലവഴിക്കണം. മറ്റുള്ളവർക്ക് മാതൃകാപുരുഷനാകാൻ കഴിഞ്ഞാൽ മാത്രമേ അവർ നമ്മളെ ഫോളോ ചെയ്യുകയുള്ളൂ" -സംരംഭകത്വത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന ചെറുപ്പക്കാരോടായി അദ്ദേഹം പറയുന്നു.സമ്പത്തിന്റെ പങ്ക് സമൂഹത്തിന് പകുത്തു നൽകണമെന്ന് വിശ്വസിക്കുന്നയാളാണ് രവി പിള്ള. അതിനാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹം നടത്തിക്കൊടുക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Comments

Post a Comment